വീട് പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല്

ബഞ്ചമിൻ,ഇടക്കര

ഉപമാനങ്ങളുടെയും ആലങ്കാരികപ്രോയോഗങ്ങളുടെയും ഉൾപ്പൊരുൾ തിരിച്ചറിയാതെ വേദ പുസ്‌തകം വായിക്കാൻ ശ്രമിച്ചാൽ അതിലടങ്ങിയിരിക്കുന്ന കാതലായ സന്ദേശങ്ങൾ പലതും മനസ്സിലാക്കാൻ പ്രയാസമാണ്. പ്രത്യേകിച്ച് യേശുകർത്താവിന്റെ സംഭാഷണങ്ങളിൽ ഇക്കാര്യം വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. യേശുവിന്റെ പരസ്യശുശ്രുഷയുടെ അവസാന നാളുകളിൽ സുപ്രധാനമായ പല വിഷയങ്ങളും യേശു ശിഷ്യഗണത്തെ പഠിപ്പിക്കുന്നതായി കാണാം.ആ നാളിൽ യെരുശലേം ദേവാലയത്തിലേക്ക് പോകുന്ന വഴിയിൽ ശിഷ്യന്മാരോടും അവിടെ ചെന്ന ശേഷം മഹാപുരോഹിതന്മാരോടും ജനത്തിന്റെ മൂപ്പന്മാരും പരീശന്മാരുമായവരോടും യേശു സംവാദിക്കുന്ന രംഗങ്ങളാണ് മത്തായി 21 ൽ നാം വായിക്കുന്നത്. പ്രവചന നിവർത്തിയെന്നോണം കഴുതകുട്ടിമേൽ കയറിവന്ന യേശുവിന് ( ദാവീദ് പുത്രന്) ഹോശന്ന പാടി ആർത്തുവിളിച്ച ജനം കാണുന്നത് ദേവാലയത്തിൽ കടന്ന യേശു അവിടെയുള്ള കച്ചവടക്കാരെ പുറത്താക്കുന്നതാണ്. "എന്റെ ആലയം പ്രാർത്ഥനാലയം ...... നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർക്കുന്നു വെന്നു" ആരോപിച്ചത് മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും പരീശന്മാരെയും ജനത്തിന്റെ മൂപ്പന്മാരെയും ഉദ്ദേശിച്ചായിരുന്നുവെന്നു സാധാരണ ജനത്തിനും മനസ്സിലായിക്കാണും.

ഫലം കായ്ക്കാത്ത അത്തിയും അപ്പന്റെ ഇഷ്ട്ടം ചെയ്യാത്ത മകനും തന്റെ അധികാരത്തെ ചോദ്യം ചെയ്യുന്ന മേൽപ്പറഞ്ഞ കൂട്ടരാണെന്നു യേശു പറയാതെ പറഞ്ഞിട്ടാണ് മുന്തിരിത്തോട്ടം കുടിയാന്മാരെ ഏല്പിച്ചിട്ടു പരദേശത്തു പോയ ഗൃഹസ്ഥനായോരു മനുഷ്യന്റെ ഉപമ അവരോടു പറയുന്നത്. ഫലകാലം സമീപിച്ചപ്പോൾ അനുഭവം വാങ്ങേണ്ടതിനു തന്റെ ദാസന്മാരെ അയച്ചെങ്കിലും ലഭിക്കാതെ വന്നപ്പോൾ തന്റെ മകനെയും അവരുടെ അടുക്കലേക്കയക്കുന്ന ഉടമസ്ഥനെക്കുറിച്ചുള്ള ഈ ഉപമ അറിയാത്തവർ മത്തായി 21 :33 -43 വരെയുള്ള ഭാഗം വായിക്കുക. ഈ ഉപമയിലൂടെ ദേവാലയത്തിനു പുതിയൊരു മാനം യേശു നൽകുന്നു. കള്ളന്മാരുടെ ഗുഹയാക്കി തീർത്ത തന്റെ ആലയത്തിൽ (ഉപമയിലെ മുന്തിരിത്തോട്ടത്തിൽ) നിന്ന് അവരെ പുറത്താക്കി അതിനുപകരം ഫലം കൊടുക്കുന്നവർക്ക് ദൈവരാജ്യം കൊടുക്കുമെന്ന് യേശു അവരുടെ മുഖത്തുനോക്കി പറഞ്ഞു. ഇവിടെ ദൈവം വസിക്കുന്ന ആലയത്തിന്റെ വ്യാപ്തി ദൈവം വസിക്കുന്ന രാജ്യത്തിലേക്ക് മാറിയത് നിങ്ങൾ ശ്രദ്ധിച്ചിരിക്കും. ആലയമായാലും രാജ്യമായാലും വ്യക്തിയായാലും അത് ദൈവത്തിന്റേതാണോ എന്നതാണ് പ്രധാനം. ഫലം നൽകാത്തതൊന്നും ദൈവത്തിന്റേതല്ലെന്നുള്ള പാഠവും നാം പഠിക്കേണ്ടുന്നത് തന്നെ.

കുടിയാന്മാരുടെ ഉപമയുടെ ഒടുവിൽ യേശു സങ്കീർത്തനം 118 ൽ നിന്നും ഉദ്ധരിക്കുന്ന “വീടു പണി യുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു. ഇതു യഹോവയാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു” എന്ന വചനത്തിനു ഇവിടെ എന്ത് യോജ്യത എന്ന് ചിന്തിക്കുന്നവർ കണ്ടേക്കാം. അടുത്തെത്തിയ കുരിശു മരണത്തെ മുൻപിൽ കണ്ട യേശു സങ്കീർത്തനക്കാരൻ പറഞ്ഞിരിക്കുന്ന "തള്ളിക്കളഞ്ഞ കല്ലും" യേശുവിന്റെ ഉപമയിലെ "ഉടമസ്ഥന്റെ മകനും" അവിടുന്നാണെന്നു മഹാപുരോഹിത വർഗത്തെ ഓർപ്പിക്കുകയായിരുന്നു. മുന്തിരിത്തോട്ടത്തിന്റെ പുറത്തേക്കു തങ്ങൾ കൊന്നു വലിച്ചെറിഞ്ഞ ഉടമസ്ഥന്റെ മകനെ വീണ്ടെടുപ്പിന്റെ പദ്ധതിയിൽ ദൈവം മൂലക്കല്ലാക്കി മാറ്റിയതിനെക്കുറിച്ചു യേശു അവരോടു പറയുകയായിരുന്നു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ അവർ കാൽവരി കുരിശിൽ കൊല്ലാൻ പോകുന്ന യേശുവിലൂടെ ദൈവം പടുത്തുയർത്താൻ പോകുന്ന മറ്റൊരു വീടിന്റെ പണിയെക്കുറിച്ചാണ് യേശു മുൻപ് കൂട്ടി മഹാപുരോഹിതവർഗത്തോട് പറഞ്ഞത്.

യെരുശലേം ദേവാലയത്തിൽ യേശു വരുമ്പോൾ ദൈവം നട്ടുവളർത്തിയ തോട്ടത്തിലെ കുടിയാന്മാരെപോലെ ആലയത്തിൽ നിന്നും ദൈവത്തെ അവർ പുറത്താക്കിയിരുന്നു. മഹാപുരോഹിത വർഗത്തിന് ആലയത്തിന്റെ മൂലക്കല്ലായ യേശുവിനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. “വീടുപണിയുന്നവർ” എന്ന് യേശു വിളിച്ചത് മഹാപുരോഹിതനെയും ശാസ്ത്രിയെയും പരീശനെയുമായിരുന്നെന് അവർക്കു തന്നെ മനസ്സിലായി (മത്തായി 21: 45). അങ്ങനെയെങ്കിൽ അവർ തള്ളിക്കളഞ്ഞ കല്ല് യേശുവായിരുന്നുവെന്നു എടുത്തു പറയേണ്ടതില്ലല്ലോ. എന്നാൽ നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ഉളവാക്കുന്ന കാര്യം അവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായെന്നുള്ളതുമല്ല. അതിലും പ്രധാനമായ കാര്യം അതെങ്ങെനെ സംഭവിച്ചുവെന്നതാണ്. സങ്കീർത്തനക്കാരൻ പറയുന്നത് ഇത് കർത്താവിനാൽ സംഭവിച്ചുവെന്നാണ്. അങ്ങനെ പറയുന്നതിന്റെ അർത്ഥം എന്താണെന്നു നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? വീടിന്റെ പണിക്കാരെ മാറ്റി സാക്ഷാൽ ദൈവം തന്നെ അതിന്റെ പണി ഏറ്റെടുത്തുവെന്നല്ലേ? അത് ആലയമാകട്ടെ രാജ്യമാകട്ടെ നിങ്ങളാകട്ടെ ഞാനാകട്ടെ ക്രിസ്തുവേശുവിനെ മൂലക്കല്ലാക്കി ദൈവം നാമോരോരുത്തരെയും പണിയുന്നുവെന്നത് നമ്മിൽ ആശ്ചര്യവും, ആനന്ദവും, ആരാധനയും ഉളവാക്കുന്ന സംഗതിയല്ലേ?

യെശയ്യാ പ്രവാചകൻ ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നു: " അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ സീയോനിൽ ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു അടിസ്ഥാനക്കല്ലു ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവൻ ഓടിപ്പോകയില്ല ( യെശ: 28 :16 ). പക്ഷെ യെശയ്യാവ്‌ അടക്കമുള്ള പ്രവാചകന്മാരെ കൊന്നൊടുക്കിയ മഹാപുരോഹിത വർഗത്തിന് യെശയ്യാവിന്റെ വാക്കുകളിലൂടെ യേശുവിലുള്ള തങ്ങളുടെ മിശിഹായെ കണ്ടെത്താനായില്ല. അപ്പോഴും യേശുവിന്റെ അവരോടുള്ള സ്നേഹം അപാരമായിരുന്നു. യേശു അവരെക്കുറിച്ചു വിലപിക്കുന്നത് നോക്കൂ : "യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കും പോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല" (മത്തായി 23 : 37).

മഹാപുരോഹിത വർഗ്ഗമല്ലല്ലോ നമ്മുടെ പ്രശ്നം. നാം എന്തിനോട് ചേർത്താണ് പണിയപ്പെട്ടിരിക്കു ന്നതെന്നു വളരെ ഗൗവരവത്തോടെ പരിശോധിക്കേണ്ടതല്ലേ? നമ്മെ പണിയുന്നത് ആരാണ്? ക്രിസ്തുവാകുന്ന മൂലക്കല്ലിനോട് ചേർത്താണോ നാം പണിയപ്പെടുന്നത്? നമ്മുടെ ഇടയിൽ ചിലരൊക്കെയെങ്കിലും അവരുടെ കുടുംബത്തോടും സംഘടനയോടും പദവികളോടും സ്നേഹിത രോടും ഒക്കെ ചേർത്ത് പണിയപ്പെടാൻ ഇഷ്ട്ടപെടുന്നവരല്ലേ? നമ്മുടെ വീണ്ടെടുപ്പു കാരനായ യേശുവിനോടു ചേർത്ത് പണിയപ്പെടുവാൻ നാം സകല ഉത്സാഹവും കഴിക്കേണം. പത്രോസ് അപ്പോസ്തലന്റെ വാക്കുകൾ തന്നെ അതിനു നമ്മെ പ്രാപ്തരാക്കട്ടെ: "മനുഷ്യർ തള്ളിയതെങ്കിലും ദൈവസന്നിധിയിൽ ശ്രേഷ്ഠവും മാന്യവുമായ ജീവനുള്ള കല്ലായ അവന്റെ അടുക്കൽ വന്നിട്ടു നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തു മുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗ മാകേണ്ടതിന്നു പണിയപ്പെടുന്നു. “ഞാൻ ശ്രേഷ്ഠവും മാന്യവുമായോരു മൂലക്കല്ലു സീയോനിൽ ഇടുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല”എന്നു തിരുവെഴുത്തിൽ കാണുന്നുവല്ലോ. വിശ്വസിക്കുന്ന നിങ്ങൾക്കു ആ മാന്യതയുണ്ടു; വിശ്വസിക്കാത്തവർക്കോ “വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു തന്നേ മൂലക്കല്ലും ഇടർച്ചക്കല്ലും തടങ്ങൽ പാറയുമായിത്തീർന്നു”- 1 പത്രോസ് 2 : 5-7.

സഖായിയോട് ചോദിച്ചുനോക്കണം യേശു എന്ന മൂലക്കല്ലിന്റെ വിലയറിയാൻ. സ്വന്തം ജാതിയെ തള്ളി റോമക്കാർക്കുവേണ്ടി സഖായി ചുങ്കം പിരിച്ചത് റോമാസാമ്രാജ്യത്തോടുള്ള കൂറുകൊണ്ടൊന്നുമായിരുന്നില്ല. പണത്തോടുള്ള ആർത്തിയായിരുന്നു അത്. റോമക്കാരന്റെ അധികാരമുപയോഗിച്ചു സ്വന്തക്കാരെ ഭീക്ഷണിപ്പെടുത്തി പണക്കാരനായപ്പോൾ തനിക്കു നഷ്ടപെട്ടത് തന്റെ സമൂഹത്തെയായിരുന്നു. ചുങ്കക്കാരനായ മത്തായിയുടെയും ഗതി ഇതുതന്നെയായിരുന്നു. ഊരുവിലക്കിന്റെ തെറ്റും ശരിയും കണ്ടത്തുന്ന നേരം എല്ലാവരാലും തള്ളപ്പെട്ടു ഏകാന്തതയുടെ തടവറയിൽ കഴിയേണ്ടിവരുന്ന ഒരു കുടുംബത്തിന് അനുഭവിക്കേണ്ടിവരുന്ന മാനസിക വ്യഥ എത്രയെന്നു എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിൽക്കൂടെ കടന്നുപോകുന്നവർക്കല്ലേ അതിന്റെ കാഠിന്യം അറിയാനാവു. അവരുടെ കുഞ്ഞുങ്ങൾ സമൂഹത്തിൽനിന്നും നേരിടേണ്ടിവരുന്ന ഒറ്റപെടുത്തലുകൾ അതിനേക്കാൾ ക്രൂരമാണ്. എന്നാൽ സമൂഹം ഭ്രഷ്ട് കല്പിച്ച സഖായിയെ തേടിവന്നു തന്നോടുകൂടെ ഭക്ഷണം കഴിക്കാൻ മൂലക്കല്ലായ യേശു തന്റെ വീട്ടിലേക്കു കടന്നു ചെല്ലുമ്പോൾ ആ മൂലക്കല്ലിനിനോട് ചേർത്ത് പണിയത്തക്കവണ്ണം സഖായിയെന്ന കല്ലിനു ജീവൻ വച്ചതു നിങ്ങൾ വായിച്ചിട്ടില്ലേ ? ആരും പറയാതെ താൻ അന്യായമായി സമ്പാദിച്ചതെല്ലാം തിരികെ നൽകുമ്പോൾ യേശുവിനോടു ചേർത്ത് പണിയാൻ തക്കവണ്ണം അവനു ജീവൻ ലഭിച്ചു കഴിഞ്ഞിരുന്നു. പോയ 21 നൂറ്റാണ്ടുകളിൽ ബൈബിളിന്റെ താളുകളിലൂടെ സുവിശേഷം പറയുന്നിടത്തെല്ലാം സഖായി ജീവിക്കുന്നു! ചുങ്കക്കാരനായ മത്തായിയും, പാപിനിയായ സ്ത്രീയും, അഞ്ചു ഭർത്താക്കന്മാരുണ്ടായിരുന്ന ശമര്യക്കാരിയും, സമൂഹം തള്ളിക്കളഞ്ഞ ഗലീലക്കാരും ദൈവരാജ്യം ഉള്ളിടത്തോളം ജീവനുള്ള കല്ലുകളായി അതിൽ ശോഭിക്കും.

പാപം ഒന്നും അറിയാത്ത, സഹജീവികൾക്ക് സ്നേഹം മാത്രം പകർന്നു നല്കിയ, കോഴി തന്റെ കുഞ്ഞുങ്ങളെ മാറോടണച്ചു ശത്രുകയ്യിൽനിന്നും രക്ഷിക്കാൻ കൊതിക്കുന്ന യേശുനാഥനെ തള്ളിക്കളഞ്ഞ ലോകത്തിലാണ് നിങ്ങളും ഞാനുമെന്നു മറക്കരുത്. നിങ്ങൾ സമൂഹത്തിന്റെ മുൻപിൽ ആരും ആയിക്കൊള്ളട്ടെ. യേശു നിങ്ങളുടെ വീട്ടിൽ വരാൻ തയ്യാറാണ്. വെറുതെയല്ല അവിടുന്ന് വരുന്നത്. ദൈവരാജ്യത്തിന്റെ മൂലക്കല്ലായ യേശുവിനോടു ചേർത്ത് നിങ്ങളെയും പണിയുവാനാണ്. ജീവനില്ലാത്ത കല്ലുകൾക്ക് ജീവനുള്ള കല്ലായ അദ്ദേഹത്തോട് ചേർത്ത് പണിയാൻ കഴിയില്ല. എല്ലാവരും നിങ്ങളെ തള്ളിക്കളഞ്ഞാലും യേശു നിങ്ങളെ ഒരുനാളും കൈവിടുകയില്ല ഉപേക്ഷിക്കയുമില്ല. നിങ്ങൾ ആരെന്നു യേശു ചോദിക്കയില്ല. നിങ്ങളുടെ പേരും വീടും അറിയുന്ന യേശു വിനു നിങ്ങളോടു ഒന്നേ ചോദിക്കുന്നുള്ളു. നിങ്ങളുടെ വീട്ടിൽ (ഹൃദയത്തിൽ) പ്രവേശിക്കുവാനുള്ള അനുവാദം.

Book your tickets